തൃശൂർ: അവസാന ഓണം പ്രതീക്ഷയുടെ പൊന്നോണമാകണമെന്ന ആഗ്രഹത്തോടെയാണ് തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശിയായ അറുപതുകാരി സരോജ ഇത്തവണ തേക്കിൻകാട് മൈതാനിയിലെത്തിയത്.
ഓണമെന്നത് പഴമയുടെയും പാരമ്പര്യത്തിന്റെയുംകൂടി ആഘോഷമാണെന്നിരിക്കെ മുളയിൽ നിർമിച്ചെടുക്കുന്ന പൂക്കൂടകളുടെയും വട്ടികളുടെയും വില്പനയ്ക്കായാണ് സരോജ കിഴക്കേഗോപുരനടയ്ക്കു മുന്നിൽ എത്തിയിരിക്കുന്നത്. 150 രൂപ മുതൽ ആരംഭിക്കുന്ന ചെറിയ പൂക്കൂടകൾക്കൊപ്പം വലിപ്പത്തിലും ഡിസൈനിലും വൈവിധ്യങ്ങളുമായി 250 മുതൽ 1000 രൂപ വരെയുള്ള ഉത്പന്നങ്ങളും ഇവിടെ സരോജ നിർമിക്കുന്നുണ്ട്.
ചികിത്സാപിഴവ് കവർന്ന വെളിച്ചം
കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി തൃശൂർ നഗരത്തിൽ എത്തുന്ന ഇവർക്ക് ഓണക്കാലമാണ് ഏറെ പ്രതീക്ഷ നൽകുന്നത്. പ്രായാധിക്യത്തെ തുടർന്ന് കണ്ണിനുണ്ടായ കാഴ്ചക്കുറവ് പരിഹരിക്കാൻ തമിഴ്നാട്ടിൽ ചികിത്സയ്ക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി നൽകി. എന്നാൽ ചികിത്സാപിഴവുമൂലം ഇടംകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലതുകണ്ണിന്റെ കാഴ്ച കുറയുകയും ചെയ്തു. രണ്ടുലക്ഷം രൂപ നൽകിയാൽ കാഴ്ച തിരികെലഭിക്കാൻ ചികിത്സയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മുന്പത്തെ ദുരനുഭവം ആവർത്തിക്കുമോ എന്ന ഭയവും രാവും പകലും പണിയെടുത്താലും അത്രയും തുക ഉണ്ടാകാൻ കഴിയില്ലെന്നതും സരോജയെ മാനസികമായി തളർത്തുന്നു.
സ്വന്തമായി വീടോ കുടുംബമോ ഇല്ലാത്തതിൽ പൂക്കൂടകൾ വില്പന നടത്തുന്ന ഇടങ്ങളിലാണ് ഇവർ ഇപ്പോൾ അന്തിയുറങ്ങുന്നത്.
വിലപേശലുകളുടെ നോവ്
തമിഴ്നാട്ടിൽനിന്നു വരുത്തിച്ച മുളകൾ കൊണ്ടാണ് ഇത്തവണ നിർമാണം. കാഴ്ചശക്തി കുറവായതിനാൽ മുള ചീന്തിയെടുക്കാൻ ഇപ്പോൾ ഏറെ സമയം വേണ്ടിവരുന്നുണ്ട്.
ഫോട്ടോഷൂട്ടിനും മറ്റുമായി എത്തുന്ന പലരും ഇവ തേടിയെത്താറുണ്ടെങ്കിലും, കഠിനാധ്വാനത്തിന്റെ വില അറിയാതെ കടുത്ത വിലപേശൽ നടത്തുമ്പോൾ സരോജ നിസഹായയാവുന്നു.
കാഴ്ച പൂർണമായും നഷ്ടപ്പെട്ടേക്കാമെന്നിരിക്കേ, തൃശൂരിലേക്കുള്ള തന്റെ അവസാന വരവാണ് ഇതെന്ന് സരോജ വേദനയോടെ പറയുന്നു. ഇനിയുള്ള കാലം ക്ഷേത്രപരിസരങ്ങളിൽ അഭയംതേടി ജീവിച്ചുതീർക്കാനാണ് ഈ വയോധികയുടെ തീരുമാനം.